ചാരുംമൂട്: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന കുറത്തികാട് ഗ്രാമീണ ശുദ്ധജലപദ്ധതിക്കുള്ള ജനങ്ങളുടെ കാത്തിരിപ്പ് നീളുന്നു .പദ്ധതിക്കു പ്രധാന തടസമായി നിന്നത് പുതിയകാവ്-കല്ലുമല റോഡിനു കുറുകെയുള്ള റെയിൽവേ ലൈൻ മറികടന്ന് പൈപ്പ് ലൈൻ സ്ഥാപിക്കുകയെന്നതായിരുന്നു. വർഷങ്ങളുടെ പരിശ്രമത്തിനൊടുവിൽ റെയിൽവേ ട്രാക്കിനു മുകളിലൂടെ സ്റ്റീൽപ്പാലം സ്ഥാപിച്ച് പൈപ്പിട്ടത് കഴിഞ്ഞ മാർച്ചിലാണ്.
നാലുമണിക്കൂർ തീവണ്ടി ഗതാഗതവും ഉയർന്ന വോൾട്ടേജ് വൈദ്യുതിബന്ധവും നിർത്തിവച്ചാണ് പുതിയകാവ്-കല്ലുമല റോഡിലെ മേൽപ്പാലത്തിനു സമാന്തരമായി സ്റ്റീൽപ്പാലം സ്ഥാപിച്ചത്. പ്രധാനതടസ്സം നീങ്ങിയതോടെ ഒരുവർഷത്തിനുള്ളിൽ ശുദ്ധജല പദ്ധതി പൂർത്തിയാക്കി തെക്കേക്കര, വള്ളികുന്നം, ഭരണിക്കാവ്, കൃഷ്ണപുരം പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും വെള്ളമെത്തിക്കുമെന്നായിരുന്നു ജല അതോറിറ്റിയും ജലജീവൻ മിഷനും ഉറപ്പ് നൽകിയത് .
എന്നാൽ, വീണ്ടും വർഷമൊന്നായിട്ടും യാതൊരു നടപടിയുമില്ലാത്തത് വേനൽക്കാലത്ത് സ്ഥിതിഗതികൾ രൂക്ഷമാക്കുകയാണ്. വർഷങ്ങൾക്ക് തുടങ്ങിവച്ച പദ്ധതിയുടെ ബാക്കിഭാഗങ്ങൾ ജൽജീവൻ മിഷന്റെ രണ്ടാംഘട്ടത്തിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും എന്നു നടപ്പാകുമെന്ന ഉറപ്പുനൽകാൻ അധികൃതർക്കു കഴിയുന്നില്ല.
പ്രായിക്കരയിലെ ജലശുദ്ധീകരണ പ്ലാന്റിന്റെ ശേഷികൂട്ടൽ, പുതിയ പമ്പ് ഹൗസിന്റെ പൂർത്തീകരണം, അച്ചൻകോവിലാറ്റിനടിയിലൂടെ പ്രായിക്കര പാലത്തിനു സമാന്തരമായി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കൽ,പുതിയകാവു മുതൽ ഭരണിക്കാവ് വരെയുള്ള പൈപ്പ് ലൈൻ യോജിപ്പിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് ഇനി അവശേഷിക്കുന്നത്. തെക്കേക്കര പഞ്ചായത്തിൽ വെള്ളമെത്തിക്കാൻ കുറത്തികാട് മാർക്കറ്റിലും വള്ളികുന്നം പഞ്ചായത്തിനായി പടയണിവട്ടത്തും കൃഷ്ണപുരം, ഭരണിക്കാവ് പഞ്ചായത്തുകൾക്കായി മൂന്നാംകുറ്റിയിലും ജലസംഭരണികൾ നിർമിച്ചിട്ടു വർഷങ്ങളായി.
1993ൽ അനുമതി ലഭിച്ച പദ്ധതിക്കായി ഇതിനകം പലതവണ അടങ്കൽ പുതുക്കി നിശ്ചയിച്ചെങ്കിലും പൂർത്തീകരണം അനന്തമായി നീണ്ടുപോകുകയാണ്.